വെറുതെ ഒരു കാത്തിരുപ്പ്..

0



 കുട്ടിക്കാലം.......അന്ന് എന്റെ ഓണം പൂക്കളവും.., ഊഞ്ഞാലാട്ടവും...., ഉപ്പേരിയും....,ഓണസദ്യയും.... പിന്നെ കുറച്ചു ഓണക്കളികളും ഒക്കെ ആയിരുന്നു.ഓണത്തുംബികളെ ഞാന്‍ കൌതുക പൂര്‍വ്വം നോക്കി നില്‍ക്കാറുണ്ടായിരുന്നു. തൂശനിലയിലെ ഓണസദ്യയുടെ ആ രുചി ഭേദങ്ങള്‍ മനസ്സില്‍ ദിവസങ്ങളോളം തങ്ങി നില്‍ക്കും. പക്ഷെ............. ഇതിനുമൊക്കെ അപ്പുറം ഞാന്‍ ഓണനാളിനെ സ്നേഹിക്കുന്നതിനും കാത്തിരിക്കുന്നതിനും മറ്റൊരു കാരണമുണ്ടായിരുന്നു. കപ്പടാ മീശയും..., ഓലക്കുടയും...,കിരീടവും ഒക്കെ അലങ്കാരമാക്കിയ , സ്നേഹസമ്പന്നനായ..,ഒരുകാലത്ത് സമ്പത്തും ഐശ്വര്യവും ഒക്കെ നമ്മുക്ക് പകര്‍ന്നു തന്ന....പ്രജാ തല്പരനായ...ഓണം എന്ന നമ്മുടെ ദേശീയോല്‍സവത്തിനു തന്നെ കാരണക്കാരനായ മഹാബലി തിരുമേനിയെ ഒരുനോക്ക്  കാണുക എന്ന എന്റെ ആഗ്രഹമായിരുന്നു ആ ഒരു കാരണം. ആദ്യമായി ഓണക്കഥകള്‍ കേട്ടപ്പോള്‍ തന്നെ തുടങ്ങിയതാണ് തിരുവോണ ദിവസം എത്തുന്ന ഓണത്തപ്പന് വേണ്ടിയുള്ള കാത്തിരുപ്പ്.....ഓണത്തിന്റെ ഒരുക്കത്തില്‍ തൊടികളും മുറ്റവും വൃത്തിയാക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ചോദിക്കാരുണ്ടായിരുന്നു..
" എപ്പോഴാണ് അച്ഛാ മാവേലി വര്ക..?"
അപ്പോള്‍ അച്ഛന്‍ പറയും "മോന്‍ രാവിലെ കുളിച്ചു സുന്ദരനായിട്ടു ഇരുന്നോ.... വരും.."

അങ്ങിനെ എല്ലാ തിരുവോണ ദിവസവും രാവിലെ തന്നെ ഞാന്‍ കുളിച്ചു ഓണക്കൊടിയൊക്കെ ധരിച്ചു അച്ഛന്‍ പറഞ്ഞത് പോലെ സുന്ദരനായി ഉമ്മറത്ത്‌ മാവേലിയെ കാത്തു നില്‍ക്കും..... മാവേലി വന്നാല്‍ എങ്ങിനെ ആയിരിക്കും.....? കുട്ട്യോളെ പേടിപ്പിക്കുമോ...? ഏയ്‌ ഇല്ല.... ചിലപ്പോള്‍ മിട്ടായി തരുമാരിക്കും..... ചിലപ്പോള്‍ ഗൌരവമൊക്കെ കളഞ്ഞു ചിരിക്കുമാരിക്കും...... ഇങ്ങിനെ പലതരം ചിന്തകളും മനസ്സിലൂടെ കടന്നു പോകും...

പക്ഷെ... ഒരിക്കല്‍ പോലും എന്റെ കാത്തിരുപ്പുകള്‍ക്ക് ശുഭമായ ഒരു അവസാനം ഉണ്ടായില്ല......ഒരിക്കലും മാവേലി തിരുമേനിയെ കാണുവാനും സാധിച്ചില്ല...........

ഇപ്പോളിതാ..... കാലം മുന്നോട്ടു നീങ്ങിയിരിക്കുന്നു.... ആ കൊച്ചു കുട്ടിയില്‍ നിന്നും എനിക്ക്  മാറ്റം വന്നിരിക്കുന്നു...... പക്ഷെ എന്നിട്ടും.......വെറുതെ ആണെങ്കിലും ഇപ്പോഴും ഞാന്‍ കാത്തിരിക്കുകയാണ്......സന്തോഷവും സമാധാനവും സമ്പല്‍ സമൃദ്ധിയും ഈ നാടിനു സമ്മാനിക്കുവാന്‍ വേണ്ടി ആ മഹാബലി ചക്രവര്‍ത്തിയെ............. വരുമോ ഈ തിരുവോണ നാളിലെങ്കിലും...???
  

0 comments: