മരണവും വിശുദ്ധിയും

0












മൃത്യു വരണ മാല്യം ചാർത്തിയ മനുജന്റെ
ചാരത്തു വിഷാദരായ് കണ്ണീർ വാർക്കുന്നു ജനം
പാവന ഗാത്രം പാർക്കാനെത്തുന്നൊരാവലി തൻ 
കണ്ണീരിലെന്തു കഥ..? മോദാൽ യാത്രയയയ്ക്കു
ഉത്ഭവവേളയിലമലമായിരുന്നൊരാ
ചിത്തത്തിൽ ജീവിത്താൽ വിള്ളലുമേറെ വീണു
ഉന്നതനായിരുന്നു തെല്ലു നന്മകൾ ചെയ്തു 
മരിക്കും മുൻപ് തന്നെ തിന്മകൾ ഏറെ ചെയ്തു 
എത്രയോ ജീവികൾ തൻ കണ്ണീരുറവ കണ്ടു 
പുഞ്ചിരിച്ചവനിവൻ...പതനം കഷ്ടം! കഷ്ടം!
വിദ്വേഷത്തിൻ വിത്തുകൾ വിതച്ചു വിളകൊയ്യാൻ
കഷ്ടത സഹിച്ചതീ കിടപ്പു കിടക്കാനോ......?
മരണക്കിടക്കയിൽ പശ്ചാത്തപിച്ചെങ്കിലും
താൻ ചെയ്ത പാപഫലം മായുകയില്ല മേലിൽ 
എങ്കിലുമാത്മാവു വിട്ടൊഴിഞ്ഞൊരീ വപുസ്സു 
പാപത്തിൻ കറ തീർന്ന നിർമല ദേഹം തന്നെ...
പാപിയും പാപങ്ങളും മൃത്യുവാല് നശിച്ചു പോയ്‌..
ആ മൃത ശരീരത്തിൽ കളത്രമൊട്ടുമില്ല..
മൃത്യുവിൻ പാണിയാലാലിംഗനം  ചെയ്യപ്പെട്ട 
മാനവന്റെ വിശുദ്ധി മറ്റു മനുഷ്യര്ക്കുണ്ടോ....?

===================================    


ഓര്‍മ്മകള്‍

2

                                              !    ഇവിടെ കേള്‍ക്കാം    


പാതിരാ കാറ്റില്‍ മൂളിവന്നെത്തും   
താരാട്ടുപാട്ടല്ലേ നീ.....
നീലനിലാവില്‍ നീ വന്നുദിച്ചു
പാതി തെളിഞ്ഞ താരത്തില്‍...

രാപ്പാടിയേകയായ് പാടുന്ന പാട്ടുകള്‍
രാവേറെയെന്‍ കാതിലെത്തി...
കദനം കവിഞ്ഞു നിറഞ്ഞു തുളുമ്പിയ
കണ്ണീരിലുമ്മ വച്ചു നീ.....
എന്റെ കണ്ണീരിലുമ്മ വച്ചു നീ........

ഓര്‍മ്മകള്‍ പാകിയ ഹൃത്തില്‍ നിനക്കായി
ഓമനിക്കാനൊരു തീരം...
ഓരോ നിമിഷവും ഞാനൊരുക്കീടുന്നു
ഓര്‍മതന്‍ പൊന്‍ സ്നേഹതീരം
എന്റെ ഓര്‍മതന്‍ പൊന്‍ സ്നേഹതീരം

ഒരു വര്‍ണ്ണ ഹാരം നിനക്കായ് കൊരുത്തു ഞാന്‍
നിന്നെയും കാത്തിന്നിരിപ്പൂ.....
നീയെന്നരികത്തു വന്നണഞ്ഞീടുമെ-
ന്നോര്‍ത്തു പ്രതീക്ഷിച്ചിരിപ്പൂ....
നിന്നെയെന്നും പ്രതീക്ഷിച്ചിരിപ്പൂ....

അകന്നു പോയ സുഹൃത്ത്‌

0

മഴവില്ലിനുള്ളിലുള്ളേഴു നിറങ്ങളെ
അറിയാതെ ഞാനൊന്ന് നോക്കി നിന്നു..
മനതാരിലേക്കതൊന്നൊപ്പിയെടുക്കുവാന്‍
മോഹിച്ചു നിന്നു ഞാനേറെ നേരം.....
ഏഴു വര്‍ണ്ണങ്ങളില്‍ ഏതോ നിറമായി
നീയലിഞ്ഞോ എന്റെ കൂട്ടുകാരാ......
ഏഴു വര്‍ണ്ണങ്ങളില്‍ ഏതു  നിറമായി
നീയലിഞ്ഞു എന്റെ കൂട്ടുകാരാ......

നീ വരുമെന്നു പറഞ്ഞില്ലയെങ്കിലും
വരുമെന്നതോര്‍ത്തു ഞാന്‍ കാത്തിരുന്നു....
നീ വരില്ലെന്ന് പറഞ്ഞില്ലയെങ്കിലും
വരികയില്ലെന്നോര്‍ത്തു കണ്‍ നിറഞ്ഞു....
ഏതോ വിദൂര തലങ്ങളിലേക്കിന്നു
നീ മറഞ്ഞോ എന്റെ കൂട്ടുകാരാ....
ഏതു വിദൂര തലങ്ങളിലേക്കിന്നു
നീ മറഞ്ഞു എന്റെ കൂട്ടുകാരാ....

പാതിരാവായി മറഞ്ഞിതാ സൂര്യനു-
മമ്പിളി പാതി മറച്ചു നിന്നു..
നിന്നെയോളിപ്പിച്ചു വയ്ക്കുവാനംബിളി
തന്റെ പകുതിയും കാഴ്ച വച്ചോ..?
ഒളികളി നിര്‍ത്തി നീ എത്തീടുമോ, നേര്‍ത്ത
പുഞ്ചിരിപുഷ്പം ചോരിഞ്ഞെത്തുമോ....

മനസ്സില്‍ വിഷാദം നിറഞ്ഞു തുളുമ്പിയ
നേരത്ത് ചാരത്തു നീയിരുന്നു...
കൂരിരുള്‍ ചുറ്റും പടരുന്ന നേരത്തു-
മെന്നോട് കൂട്ടിനായ് ചേര്‍ന്നിരുന്നു..
ഇന്ന് നീയെങ്ങുപോയെന്‍ സുഹൃത്തേ എന്റെ
ചാരത്തിരിക്കുവാന്‍ നീ വരില്ലേ....

പുലരിയില്‍ പൂക്കളില്‍ പൂമ്പാറ്റകള്‍ വന്നു
പൂന്തേന്‍ നുകര്‍ന്നതു കണ്ടതില്ലേ....
പൂവാടിതന്‍ ഹൃദ്യ സൌരഭ്യവും നോക്കി
നോക്കിയിരിക്കുവാന്‍ നീ വരില്ലേ....
പാരിജാതപ്പൂവിന്‍ മാസ്മര ഗന്ധമായ്‌
നീ നിരന്ജോയെന്റെ കൂട്ടുകാരാ......

കാത്തിരിക്കുന്നു ഞാനേറെ നാളായ് നിന്‍റെ
നിസ്വനം കാതിലൊന്നെതിടുവാന്‍
കാത്തിരിക്കുന്നു ഞാനേറെ നാളായ് നിന്‍റെ
പാദ പതനമടുക്കലെത്താന്‍..
ഏതോ വിദൂര തലങ്ങളിലേക്കകന്നീടാതെ
നീ വരൂ കൂട്ടുകാരാ......
അകന്നീടാതെ നീ വരൂ കൂട്ടുകാരാ......

__________________________________

യുഗാന്ത്യമായില്ല..

0

പൂര്‍ണതയേകുന്ന പുഞ്ചിരി നിന്‍ ചുണ്ടില്‍
കണ്ടില്ല,ഞാനിനിയെന്നു കാണും
പൌര്‍ണമി പോലും പറഞ്ഞില്ലേ നിന്നോട്
പുഞ്ചിരിക്കു എന്‍ നിലാവ് പോലെ

വാടി തളര്‍ന്നിരിക്കും നിന്റെ വാടിയില്‍
വാടിക്കരിഞ്ഞ പൂം ചില്ലകളോ..
വാര്‍മുകിലിന്റെ വിതുമ്പല്‍ പോല്‍ കണ്ണുനീര്‍
വാര്‍ക്കുന്നതെന്തിന്നു വ്യര്‍ഥമായി                              .... കേള്‍ക്കൂ... 
മഴ പൊഴിയുന്നുണ്ട്‌ കണ്ടതില്ലേ, ദൂരെ
പുഴ ഒഴുകുന്നുണ്ട് പാട്ടുപാടി
അഴകുള്ള പൂവനം പൂത്തുലഞ്ഞു,ഇനി
പഴയ കാലങ്ങളെ ഓര്‍ത്തെടുക്കു

ആയിരം കാതം നടന്നതല്ലേ,നീയ-
ന്നായിരം കുന്നുകള്‍ താണ്ടിയില്ലേ....
ആയിരം ബാണങ്ങള്‍ നീ തടുത്തു, ഏറെ
ഷുത്പിപാസാദികള്‍ നീ സഹിച്ചു...

വേവും മനസ്സില്‍ കുളിര്‍മ നല്‍കി,പല
വാക്കുകള്‍ കൊണ്ട് ഏകി സ്വാന്ത്വനങ്ങള്‍ 
വിണ്ണില്‍ മലരുകള്‍ പൂത്ത പോലന്നേറെ
ഹൃത്തില്‍ വിളക്ക് തെളിച്ചതല്ലേ....

പിന്നെ നീയെന്തിനു മാനസം പൊള്ളിക്കു-
മോര്‍മകള്‍ ഹൃത്തില്‍ കുടിയിരുത്തി?
കാര്‍ന്നു തിന്നുന്ന പഴയ കിനാക്കള്‍ തന്‍ 
ചാരത്തു തന്നെ കഴിച്ചു കൂട്ടി...?

ജാലക വാതിലിന്‍ ചാരെ നിന്നിന്നു നീ
കാലങ്ങള്‍ കാതങ്ങള്‍ നോക്കിടാതെ
കാതങ്ങള്‍ മുന്നോട്ടു താണ്ടു നീ,പിന്നെയാ
കാലങ്ങള്‍ മുന്നേ ഗമിച്ചീടു നീ.... 
==============================
==============================

ഏകാന്ത യാത്ര

0
യാത്രയില്‍ ഞാനിന്നും ഏകനായി
യാമിനി പോലും നിശബ്ദമായി.......
നറു  നിലാ പൂക്കളകന്നു പോയി 
നിനവിന്റെ വേദന ബാക്കിയായി....

കൂട്ടിന്നു പോരുവാനാരുമില്ല..,
കൂടെ ചിരിക്കുവാനാരുമില്ല......
ഹൃദയവും പോള്ളിക്കുമെരിവേനലില്‍
കുട ചൂടി എത്തുവാന്‍ ആരുമില്ല..... 

ഒരു തണല്‍ തേടിയലഞ്ഞിടുമ്പോള്‍ 
ആശ്വാസമായ് ചെറു മരവുമില്ല.....
ഒരു കുടില്‍ പൂകാന്‍ തിരയുമ്പോളും 
സ്വാഗതമോതുവാന്‍ ആരുമില്ല.....


പൂത്തു തളിര്‍ത്തൊരെന്‍  പൂമരങ്ങള്‍
പൂക്കള്‍ കൊഴിഞ്ഞു, തളിരുമറ്റു ....
പണ്ട് ഞാന്‍ നെയ്ത സുവര്‍ണ സ്വപ്നം
എന്നോ ഇഴയറ്റ് അകന്നു പോയി...

ആയിരം ദീപമെരിഞ്ഞു കത്തും 
മനസ്സിന്റെ ഉമ്മറപ്പടി എവിടെ....?
ആയിരം പൂക്കള്‍ പരിലസിച്ച      
പൂവാടി എവിടെയെന്‍ ഹൃത്തിനുള്ളില്‍.....?

തിരയില്‍ തിളങ്ങും പുലര്‍ വെളിച്ചം
തിരിയില്‍ തെളിയുമോരിറ്റു വെട്ടം
അരികത്തണയുന്ന സ്നേഹ ഗീതം 
തേടി, പ്രതീക്ഷിച്ചു ഞാന്‍ നടപ്പു... 

ഇനിയെന്റെ പാദം ഇടറിടാതെ
ഇനിയെന്റെ പാത മറഞ്ഞിടാതെ
തനിയെയാവാതെയും കൂട്ടിനായി
കനിവോടെയേറെ പഥികരെത്തും

===========================



പാവം സുന്ദരിക്കോത

1



കോളേജിലേക്കുള്ള പാതയോരത്തന്നു
കണ്ടു ഞാനൊരു പെണ്‍കുട്ടിയെ...
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ലിപ്സ്റ്റിക്കിനുണ്ട് രണ്ടിഞ്ചു കനം, പിന്നെ 
മേയ്ക്കപ്പിനോ അതിലേറെ കനം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കംബിവളച്ചിരുകാതിലുമിട്ടിട്ടു
പുത്തനാം ഫാഷനായ് എത്തിടുന്നു
സ്കൂട്ടിയില്‍ ചെത്തും, ജീന്‍സിട്ടു ചെത്തും
അണ്‍കുട്ടികളെ കമന്‍റടിക്കും
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ക്ലോസ് അപ് പരസ്യമായ് പുന്ചിരിക്കും, അവള്‍
ക്ലോസ് അപ് സുന്ദരി എന്ന ഭാവം
ചിരി കണ്ടു രാക്ഷസര്‍ പോലും ഭയന്നോടു-
മെങ്കിലും തന്‍ ചിരി തന്നെ ശ്രേഷ്ഠം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ഉച്ചക്ക് ചോറൊട്ടുമുണ്ണില്ലവള്‍, വെറും
ഓറഞ്ച് ജ്യൂസ്‌ മാത്രം കുടിക്കും
സ്ലിം ബ്യൂട്ടിയാകുവാനാണോ, അതോ
ലിപ്സ്ടിക്കു പോകാതിരിക്കുവാനോ
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കോളേജില്‍ നിന്നുള്ള പാതയോരത്ത് ഞാന്‍
വീണ്ടും കണ്ടുവാ പെണ്‍കുട്ടിയെ
ലിപ്സ്ടിക് ഒട്ടുമില്ലല്ലോ, ഇപ്പോള്‍
മാര്‍ക്ക് ലിസ്റ്റ് കയ്യിലുണ്ടല്ലോ...
മേയ്ക്കപ്പ് ഒട്ടുമില്ലല്ലോ, കവിളില്‍
കണ്ണീരൊലിക്കണുണ്ടല്ലോ...
ആളൊരു പാവമാണല്ലോ , ഇപ്പോള്‍
സുന്ദരിക്കോതയാം ഭാവമില്ല.....
ഇപ്പോള്‍ സുന്ദരിക്കോതയാം ഭാവമില്ല.....

===========================

ഒരുതരി വെട്ടത്തിനായ്.....

1

അകലെ, എവിടെയോ നിശീഥിനിയുടെ
കറുത്ത തിരശീലക്കപ്പുറത്തു
നിന്നുംപ്രതീക്ഷതന്‍ പ്രഭാകിരണമാശ്ലേഷിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍...........
മഞ്ഞില്‍ പൊതിഞ്ഞ നിശാമഞ്ചലില്‍ ‍
നിദ്രാരഹിതനായ് നെരിപ്പോടിന്‍ നേരിയ
നറുവെളിച്ചം  കിനാക്കാണുന്നു.......
ചിതറിത്തെറിച്ച മണ്ചിരാതുകളൊത്തുചേര്‍- 
ന്നതിലെണ്ണ കവിഞ്ഞതുംവെണ്‍തിരിയതില്‍ 
നനഞ്ഞവിടെ പടരുന്ന ദീപനാളത്തിന്‍ പ്രഭയും 
കണ്മുന്നിലകലെ പ്രതീക്ഷിക്കുന്നു ഞാന്‍.....
ഇപ്പോഴും കര്‍ണ്ണം ശ്രവിക്കുന്നുണ്ടെ-
ന്നാത്മാവില്‍ മെല്ലെ കുറുകുന്ന മാടപ്രാവിന്‍ സ്വനം..
അതൊരു വിരഹ വിലാപമോ..... 
നിരാശയുടെ കണ്ണീര്‍ കുതിര്‍ന്ന തുടര്‍നെടുവീര്‍പ്പുകളോ......
ചുറ്റും പടരുന്നു... കനം വയ്ക്കുന്നു....
കൂരിരുള്‍ ഭിത്തി, യെങ്കിലുംമൌനമായെന്‍ മനം 
പ്രതീക്ഷിക്കുന്നു ഇന്നും 
ഒരു ചെറുതിരിനാളമെങ്കിലും ......