അകന്നു പോയ സുഹൃത്ത്‌

0

മഴവില്ലിനുള്ളിലുള്ളേഴു നിറങ്ങളെ
അറിയാതെ ഞാനൊന്ന് നോക്കി നിന്നു..
മനതാരിലേക്കതൊന്നൊപ്പിയെടുക്കുവാന്‍
മോഹിച്ചു നിന്നു ഞാനേറെ നേരം.....
ഏഴു വര്‍ണ്ണങ്ങളില്‍ ഏതോ നിറമായി
നീയലിഞ്ഞോ എന്റെ കൂട്ടുകാരാ......
ഏഴു വര്‍ണ്ണങ്ങളില്‍ ഏതു  നിറമായി
നീയലിഞ്ഞു എന്റെ കൂട്ടുകാരാ......

നീ വരുമെന്നു പറഞ്ഞില്ലയെങ്കിലും
വരുമെന്നതോര്‍ത്തു ഞാന്‍ കാത്തിരുന്നു....
നീ വരില്ലെന്ന് പറഞ്ഞില്ലയെങ്കിലും
വരികയില്ലെന്നോര്‍ത്തു കണ്‍ നിറഞ്ഞു....
ഏതോ വിദൂര തലങ്ങളിലേക്കിന്നു
നീ മറഞ്ഞോ എന്റെ കൂട്ടുകാരാ....
ഏതു വിദൂര തലങ്ങളിലേക്കിന്നു
നീ മറഞ്ഞു എന്റെ കൂട്ടുകാരാ....

പാതിരാവായി മറഞ്ഞിതാ സൂര്യനു-
മമ്പിളി പാതി മറച്ചു നിന്നു..
നിന്നെയോളിപ്പിച്ചു വയ്ക്കുവാനംബിളി
തന്റെ പകുതിയും കാഴ്ച വച്ചോ..?
ഒളികളി നിര്‍ത്തി നീ എത്തീടുമോ, നേര്‍ത്ത
പുഞ്ചിരിപുഷ്പം ചോരിഞ്ഞെത്തുമോ....

മനസ്സില്‍ വിഷാദം നിറഞ്ഞു തുളുമ്പിയ
നേരത്ത് ചാരത്തു നീയിരുന്നു...
കൂരിരുള്‍ ചുറ്റും പടരുന്ന നേരത്തു-
മെന്നോട് കൂട്ടിനായ് ചേര്‍ന്നിരുന്നു..
ഇന്ന് നീയെങ്ങുപോയെന്‍ സുഹൃത്തേ എന്റെ
ചാരത്തിരിക്കുവാന്‍ നീ വരില്ലേ....

പുലരിയില്‍ പൂക്കളില്‍ പൂമ്പാറ്റകള്‍ വന്നു
പൂന്തേന്‍ നുകര്‍ന്നതു കണ്ടതില്ലേ....
പൂവാടിതന്‍ ഹൃദ്യ സൌരഭ്യവും നോക്കി
നോക്കിയിരിക്കുവാന്‍ നീ വരില്ലേ....
പാരിജാതപ്പൂവിന്‍ മാസ്മര ഗന്ധമായ്‌
നീ നിരന്ജോയെന്റെ കൂട്ടുകാരാ......

കാത്തിരിക്കുന്നു ഞാനേറെ നാളായ് നിന്‍റെ
നിസ്വനം കാതിലൊന്നെതിടുവാന്‍
കാത്തിരിക്കുന്നു ഞാനേറെ നാളായ് നിന്‍റെ
പാദ പതനമടുക്കലെത്താന്‍..
ഏതോ വിദൂര തലങ്ങളിലേക്കകന്നീടാതെ
നീ വരൂ കൂട്ടുകാരാ......
അകന്നീടാതെ നീ വരൂ കൂട്ടുകാരാ......

__________________________________

0 comments: