യുഗാന്ത്യമായില്ല..

1

പൂര്‍ണതയേകുന്ന പുഞ്ചിരി നിന്‍ ചുണ്ടില്‍
കണ്ടില്ല,ഞാനിനിയെന്നു കാണും
പൌര്‍ണമി പോലും പറഞ്ഞില്ലേ നിന്നോട്
പുഞ്ചിരിക്കു എന്‍ നിലാവ് പോലെ

വാടി തളര്‍ന്നിരിക്കും നിന്റെ വാടിയില്‍
വാടിക്കരിഞ്ഞ പൂം ചില്ലകളോ..
വാര്‍മുകിലിന്റെ വിതുമ്പല്‍ പോല്‍ കണ്ണുനീര്‍
വാര്‍ക്കുന്നതെന്തിന്നു വ്യര്‍ഥമായി                              .... കേള്‍ക്കൂ... 
മഴ പൊഴിയുന്നുണ്ട്‌ കണ്ടതില്ലേ, ദൂരെ
പുഴ ഒഴുകുന്നുണ്ട് പാട്ടുപാടി
അഴകുള്ള പൂവനം പൂത്തുലഞ്ഞു,ഇനി
പഴയ കാലങ്ങളെ ഓര്‍ത്തെടുക്കു

ആയിരം കാതം നടന്നതല്ലേ,നീയ-
ന്നായിരം കുന്നുകള്‍ താണ്ടിയില്ലേ....
ആയിരം ബാണങ്ങള്‍ നീ തടുത്തു, ഏറെ
ഷുത്പിപാസാദികള്‍ നീ സഹിച്ചു...

വേവും മനസ്സില്‍ കുളിര്‍മ നല്‍കി,പല
വാക്കുകള്‍ കൊണ്ട് ഏകി സ്വാന്ത്വനങ്ങള്‍ 
വിണ്ണില്‍ മലരുകള്‍ പൂത്ത പോലന്നേറെ
ഹൃത്തില്‍ വിളക്ക് തെളിച്ചതല്ലേ....

പിന്നെ നീയെന്തിനു മാനസം പൊള്ളിക്കു-
മോര്‍മകള്‍ ഹൃത്തില്‍ കുടിയിരുത്തി?
കാര്‍ന്നു തിന്നുന്ന പഴയ കിനാക്കള്‍ തന്‍ 
ചാരത്തു തന്നെ കഴിച്ചു കൂട്ടി...?

ജാലക വാതിലിന്‍ ചാരെ നിന്നിന്നു നീ
കാലങ്ങള്‍ കാതങ്ങള്‍ നോക്കിടാതെ
കാതങ്ങള്‍ മുന്നോട്ടു താണ്ടു നീ,പിന്നെയാ
കാലങ്ങള്‍ മുന്നേ ഗമിച്ചീടു നീ.... 
==============================
==============================

1 comments:

ഏകാന്ത യാത്ര

0
യാത്രയില്‍ ഞാനിന്നും ഏകനായി
യാമിനി പോലും നിശബ്ദമായി.......
നറു  നിലാ പൂക്കളകന്നു പോയി 
നിനവിന്റെ വേദന ബാക്കിയായി....

കൂട്ടിന്നു പോരുവാനാരുമില്ല..,
കൂടെ ചിരിക്കുവാനാരുമില്ല......
ഹൃദയവും പോള്ളിക്കുമെരിവേനലില്‍
കുട ചൂടി എത്തുവാന്‍ ആരുമില്ല..... 

ഒരു തണല്‍ തേടിയലഞ്ഞിടുമ്പോള്‍ 
ആശ്വാസമായ് ചെറു മരവുമില്ല.....
ഒരു കുടില്‍ പൂകാന്‍ തിരയുമ്പോളും 
സ്വാഗതമോതുവാന്‍ ആരുമില്ല.....


പൂത്തു തളിര്‍ത്തൊരെന്‍  പൂമരങ്ങള്‍
പൂക്കള്‍ കൊഴിഞ്ഞു, തളിരുമറ്റു ....
പണ്ട് ഞാന്‍ നെയ്ത സുവര്‍ണ സ്വപ്നം
എന്നോ ഇഴയറ്റ് അകന്നു പോയി...

ആയിരം ദീപമെരിഞ്ഞു കത്തും 
മനസ്സിന്റെ ഉമ്മറപ്പടി എവിടെ....?
ആയിരം പൂക്കള്‍ പരിലസിച്ച      
പൂവാടി എവിടെയെന്‍ ഹൃത്തിനുള്ളില്‍.....?

തിരയില്‍ തിളങ്ങും പുലര്‍ വെളിച്ചം
തിരിയില്‍ തെളിയുമോരിറ്റു വെട്ടം
അരികത്തണയുന്ന സ്നേഹ ഗീതം 
തേടി, പ്രതീക്ഷിച്ചു ഞാന്‍ നടപ്പു... 

ഇനിയെന്റെ പാദം ഇടറിടാതെ
ഇനിയെന്റെ പാത മറഞ്ഞിടാതെ
തനിയെയാവാതെയും കൂട്ടിനായി
കനിവോടെയേറെ പഥികരെത്തും

===========================0 comments: